Friday, July 8, 2016

ഓർമയിലെ യാത്ര- ഇടുക്കിയിലേക്ക്

ഒഴിഞ്ഞിരുന്നപ്പോൾ പഴയ ഫോട്ടോ ആൽബത്തിലെ താളുകളിലൂടൊരു യാത്രയാകാമെന്നു കരുതി. 17 വർഷങ്ങൾക്കുമുമ്പ്‌ കേരളത്തിലെ ഏറ്റവും വലിയ ജില്ലയായിരുന്ന ഇടുക്കിയിലേക്ക്‌ നടത്തിയ യാത്ര...

ചെറുതോണി ഡാമിനടുത്ത് 
ഉപ്പയും ഉമ്മയും അനിയനും അടങ്ങുന്ന കുടുംബം മുഴുവൻ യാത്രാ ഭ്രാന്തന്മാർ ആയതുകൊണ്ട്‌ വീടുവിട്ടിറങ്ങാൻ വലിയ ആലോചനകൾ ഉണ്ടാകാറില്ല. ആറുവയസ്സുള്ളപ്പോൾ ഉപ്പയുടേയും ഉമ്മയുടേയും കൂടെ പാലക്കാട്ടേക്ക്‌ നടത്തിയ യാത്രയിൽ തുടങ്ങുന്നു എന്റെ ഓർമയിലെ യാത്രകൾ. ബസുകളിലും ബസ്റ്റാന്റുകളിലും ട്രെയിനിലും റയിൽവേ സ്റ്റേഷനുകളിലും റോഡരികുകളിലെ മരത്തണലുകളിലും ഇരുന്നും കിടന്നും ഉറങ്ങിയുമുള്ള യാത്രകൾ. പിന്നീട്‌ എപ്പോഴൊക്കെ പുറപ്പെടണമെന്നു തോന്നിയോ അപ്പോഴൊക്കെ ഇറങ്ങിത്തിരിച്ചു. തിരുവനന്തപുരവും എറണാകുളവുമൊക്കെ പലപ്പോഴായി കറങ്ങിത്തീർത്തു. വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇടുക്കിയിലൊന്ന് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല.

പുറപ്പെടാൻ തീരുമാനിച്ചു. യാത്ര തുടങ്ങി. ഇപ്രാവശ്യം കൂട്ടിനു 'യാഷിക്ക' ക്യാമറയും ഉണ്ട്. അരീക്കോടുനിന്നും മഞ്ചേരി, പെരിന്തൽമണ്ണ, തൃശൂർ, എറണാകുളം വഴി ഇടുക്കിയിലേക്ക്‌ മല കയറിത്തുടങ്ങി.

ഇടുക്കിയെ അറിയുകയല്ല, അനുഭവിക്കുകയാണ്. ഡിസം ബറായതുകൊണ്ടാകണം വഴികളൊക്കെ നട്ടുച്ചക്കും കോട വിരിച്ചിരിക്കുന്നു. വഴിയിൽ കണ്ടൊരു വ്യൂ പോയന്റിൽ ഇറങ്ങി താഴ്‌വാര കാഴ്ചകൾ ആസ്വദിച്ചു. ഏലത്തോട്ടങ്ങൾക്കിടയിലൂടെയും തിങ്ങി നിറഞ്ഞിരിക്കുന്ന വനങ്ങൾക്കിടയിലൂടെയും വളഞ്ഞും പുളഞ്ഞുമുള്ള വഴികൾ.

കുളമാവ്‌ ഡാം കടന്ന് ചെറുതോണി ഡാമിനടുത്തുള്ള സർക്കാർ ഗസ്റ്റ്‌ ഹൗസിലെത്തിലെത്തുമ്പോഴേക്ക്‌ നേരം ഇരുട്ടിയിരുന്നു. വഴിയരികിലെ ബോർഡ്‌ കണ്ടു ചെന്നതാണ് അങ്ങോട്ട്‌. മുൻകൂട്ടി ബുക്ക്‌ ചെയ്തിരുന്നില്ലെങ്കിലും റൂമും ഭക്ഷണവും ലഭിച്ചു.
കിളികളുടെ ശബ്ദം കേട്ടാണ് ഉണർന്നത്‌. പുറത്ത്‌ നല്ല തണുപ്പ്‌. ദൂരെ ജലാശയത്തിനപ്പുറത്ത്‌ കുറവൻ മലയേയും കുറത്തിമലയേയും ചേർത്തുപിടിച്ചുകൊണ്ടതാ ഇടുക്കി ആർച്ച്‌ ഡാം...! പ്രൈമറി ക്ലാസുകളിൽ കേട്ട കുറവനും കുറത്തിയുമതാ തൊട്ടടുത്ത്‌...!

839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന്‌ കുറുകെയാണ് അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ ആർച്ച്‌ ഡാം (കമാന അണക്കെട്ട്‌) ആണിത്‌.  1976ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്‌. ജലാശയത്തിന്റെ തീരങ്ങളിലൂടെ നടന്നു. ഗസ്റ്റ്‌ ഹൗസിനടുത്തുള്ള ചെറിയ പാർക്കിൽ വിശ്രമിച്ചു. അനുവാദം വാങ്ങി ആർച്ച് ഡാമിനു മുകളിലൂടെ നടന്നു.

തുടർന്ന് തേയിലത്തോട്ടങ്ങൾക്കിടയിലൂടെ യാത്ര തേക്കടിയിലേക്ക്. തേയില ച്ചെടികൾക്കിടയിൽ കായ്ച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങൾ. തേക്കടി തടാകത്തിൽ അൽപ്പനേരം ചിലവഴിച്ച ശേഷം ഇരുട്ടും മുമ്പേ മടക്കം.
ലോകം മുഴുവൻ കറങ്ങികണ്ടാലും മറക്കാത്ത അനുഭവമായി ഈ യാത്ര എന്നും മനസ്സിൽ ഉണ്ടാകും... 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...