Saturday, October 31, 2015

ആപ്പിൾ തോട്ടങ്ങളിലൂടെ


രാജ്യത്തിന്റെ തനതായ കാലാവസ്ഥാ രൂപീകരണത്തിൽ  പ്രധാന പങ്കുവഹിക്കുന്ന ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര തുടരുകയാണ്. ജൈവവൈവിധ്യത്തിന്റെ കലവറയിലൂടെ, ഹിമഗിരികളുടെ താഴ്‌വാരങ്ങളിലൂടെയുള്ള കറക്കം. ആപ്പിൾ വിളയുന്നകാലം നോക്കിയാണ് യാത്ര. ആപ്പിൾ മരത്തിൽ കയറി ആപ്പിൾ പറിക്കണം... മതിയാവോളം തിന്നണം എന്നൊക്കെയുണ്ട്‌ മനസ്സിൽ.


ഉധംപൂരിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്ര. പൊടിപറക്കുന്ന റോഡ്‌. ജവഹർ ടണലും കടന്ന് വാഹനം കശ്മീർ താഴ്‌വരയോട്‌ അടുക്കുകയാണ്. കേരളത്തിലെ വഴിയോരങ്ങളിൽ തെങ്ങുകൾ നിറഞ്ഞിരിക്കുന്നപോലെ കശ്മീരിൽ എവിടെ നോക്കിയാലും ആപ്പിൾ മരങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്ര.

റോഡിന്റെ ഇരുവശങ്ങളിലേക്കും നോക്കിയിരിന്നു. ഒന്നും കണ്ടില്ല. അവസാനം ഞങ്ങളുടെ പഞ്ചാബി ഡ്രൈവറോട്‌ ആപ്പിൾ മരങ്ങൾ കണ്ടാൽ ഒന്ന് നിർത്തി കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവർ കേട്ടഭാവം കാണിച്ചില്ല. വാഹനത്തിൽ പാടിക്കൊണ്ടിരുന്ന ഏതോ ഹിന്ദി പാട്ടിൽ ലയിച്ചിരിക്കുകയാണ് അദ്ദേഹമെന്ന് തോന്നി.
പൊട്ടിപ്പൊളിഞ്ഞ റോഡിലെ ഗതാഗതക്കുരുക്ക്‌ കാരണം വാഹനം പതുക്കെയാണ് പോകുന്നത്‌. റോഡരികിലെ ഒരു ചെരിവിലുള്ള ആപ്പിൾ മരം ഡ്രൈവർ കാണിച്ചു തന്നു. നിറയെ കായ്കളുണ്ട്‌. പക്ഷെ കണ്ടാൽ ആപ്പിളാണെന്ന് തോന്നില്ല. മരവും ഇലയും കായ്കളും മുഴുവൻ പൊടികൊണ്ട്‌ മൂടിയിരിക്കുന്നു. ശരിയായി കാണുന്നതിനു മുമ്പേ വാഹനം നീങ്ങിത്തുടങ്ങി.

ചെറിയ ചാറ്റൽ മഴ. കശ്മീരിലെ കാലാവസ്ഥ ഏതുസമയവും മാറിമറിയാനും വഴി തടസ്സപ്പെടാനും സാധ്യതയുണ്ട്‌. നേരം ഇരുട്ടുന്നതിനു മുമ്പേ ഞങ്ങളെ ശ്രീനഗറിൽ എത്തിക്കുകയാണ് ഡ്രൈവറുടെ ലക്ഷ്യമെന്ന് തോന്നുന്നു.
വേഗത്തിലോടുന്ന വണ്ടിയിലിരുന്ന് ഞങ്ങൾ ഒറ്റപ്പെട്ട്‌ നിൽക്കുന്ന ചില ആപ്പിൾ മരങ്ങളെ കണ്ടു.

ശ്രീനഗറിലെത്തി രണ്ടാം ദിവസം. കശ്മീർ താഴ്‌വരയിലൂടെയാണ് ഇനി യാത്ര. പഹൽഗാമിലേക്കുള്ള വഴി. റോഡരികിലെ ഒരു കടയിൽ ചായകുടിക്കാനിറങ്ങി. എതിർ വശത്ത്‌ ആപ്പിൾ തോട്ടം! അകത്തേക്ക്‌ കയറാൻ ഉടമസ്ഥൻ അനുവദിച്ചില്ല. ഡ്രൈവർ ഞങ്ങളെ തിരികെ വിളിച്ചു. ഏതാനും ദൂരം പിന്നിട്ടപ്പോൾ കായ്ച്ചുനിൽക്കുന്ന ആപ്പിൾ മരത്തോട്ടങ്ങൾക്കിടയിലൂടെയായി യാത്ര.


റോഡരികിലെ ഒഴിഞ്ഞൊരിടത്ത്‌ വലിയൊരു ആപ്പിൾതോട്ടത്തിനരികിൽ വാഹനം നിർത്തി. ചെറിയൊരു അരുവിയിൽ നിന്നും ആപ്പിളുകൾ കഴുകിയെടുക്കുന്ന ഒരു കശ്മീരി ബാലനെ കണ്ടു. പറിച്ചെടുത്ത ആപ്പിളുകൾ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കാൻ വേണ്ടി വാഹനത്തിൽ കയറ്റുന്ന തിരക്കിലാണ് തോട്ടമുടമകൾ.

തോട്ടത്തിലേക്ക്‌ പ്രവേശിക്കുന്നതിന് പ്രശ്നമൊന്നും ഇല്ലെന്ന് ഡ്രൈവർ പറഞ്ഞ ഉടനെ ഞങ്ങൾ ഓടിക്കയറി. വലിയൊരു കമ്പിൽ പ്ലാസ്റ്റിക്‌ കപ്പുകൾ കെട്ടി ശബ്ദമുണ്ടാക്കി പറവകളെ ആട്ടിയകറ്റുകയാണ് ഒരാൾ. ആപ്പിളുകളുടെ ഭാരം മൂലം മരക്കൊമ്പുകൾ പൊട്ടിവീഴാതിരിക്കാൻ താങ്ങുകൾ കൊടുത്തിട്ടുണ്ട്‌.

സ്വപ്നങ്ങളിൽ കണ്ട ആപ്പിൾ തോട്ടമിതാ കൺ മുമ്പിൽ...! കയ്യെത്തും ദൂരത്ത്‌... ! പറിക്കാൻ തോട്ടമുടമയോട്‌ അനുവാദം ചോദിച്ചു. ചെറുചിരിയോടെ അദ്ദേഹം സമ്മതിച്ചു.  വിവിധ നിറങ്ങളിൽ ... വിവിധ രുചികളിലുള്ള ആപ്പിളുകൾ... ചെറുതും വലുതുമായ മരങ്ങളിൽ നിന്നും ഞങ്ങൾ മതിയാവോളം പറിച്ചുതിന്നു....

കശ്മീരിന്റെ ഹിമക്കുളിരിലെ രുചിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഞങ്ങളൊക്കെ സുന്ദരന്മാരും സുന്ദരിമാരുമായി മാറിയിരുന്നു... ആപ്പിളുപോലെ ശുദ്ധവും മനോഹരവും രുചികരവുമായ ഒരു കൂട്ടം ഹൃദയങ്ങളുടെ ഉടമകൾ.. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...