Friday, October 30, 2015

ഹിമഗിരിനിരകളിലൂടെ


മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഗിരിനിരകൾ കാണാൻ തന്നെയായിരുന്നു യാത്ര... ഗുൽമാർഗിലെ അഫർവത് കൊടുമുടിയിൽ നിന്നും നംഗപർവതം കാണാൻ സാധിക്കുമെന്ന് കേട്ടിരുന്നു. മഞ്ഞുകാലമല്ലാത്തതിനാൽ മലമുകളിലേക്കുള്ള കേബിൾകാർ സർവീസ്‌ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഞങ്ങൾ മലമുകളിലേക്ക്‌ നടന്നുകയറാൻ തീരുമാനിച്ചു.
പൈൻമരക്കാടുകൾക്കിടയിലൂടെ ചെറിയ കുടിലുകൾ പിന്നിട്ട്‌ കയറ്റം കയറിത്തുടങ്ങി. വഴിയരികിലെ ഒരുവീട്ടിൽ നിന്നും പരിചയപ്പെട്ട കശ്മീരി യുവാവ്‌ മജീദും ഞങ്ങളോടൊപ്പം ഉണ്ട്‌.

മജീദ്‌ മറ്റെന്തോ ആവശ്യത്തിനായാണ് മലകയറുന്നത്‌. പൈൻ മരക്കാടുകൾ അവസാനിച്ചു. വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ പുൽമേടുകളിലൂടെയാണ് നടത്തം. കുത്തനെയുള്ള കയറ്റം. ഏതുസമയവും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള മണ്ണും കല്ലും നിറഞ്ഞ വഴികൾ. കയറ്റം കൂടുന്തോറും ക്ഷീണം അനുഭവപ്പെടാൻ തുടങ്ങി. ഇനി യാത്ര തുടർന്നാൽ അപകടമാകുമെന്ന് മജീദ്‌ മുന്നറീപ്പ്‌ നൽകുന്നുണ്ട്‌. രണ്ട്‌ കാരണങ്ങളാണ്. ഒന്ന്- ഉയരങ്ങളിൽ ഓക്സിജന്റെ അഭാവം മൂലം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. രണ്ട്‌- പരിചയമില്ലാത്ത ഈ ഇടങ്ങളിലൂടെയുള്ള അന്യദേശക്കാരുടെ യാത്ര സുരക്ഷാസൈനികർക്ക്‌ ഇഷ്ടമല്ല.
 മുകളിലേക്ക്‌ നോക്കുമ്പോൾ അഫർവ്വത്‌ കൊടുമുടി ഒരു രാക്ഷസനെപ്പോലെയങ്ങനെ നിൽക്കുകയാണ്. എങ്ങനെയെങ്കിലും യാത്ര തുടരണമെന്നായിരുന്നു ഞങ്ങൾക്ക്‌. ഓക്സിജന്റെ കുറവുമൂലമുള്ള പ്രശ്നം ഇടയ്ക്കിടയ്ക്ക്‌ വിശ്രമിച്ച്‌ പരിഹരിക്കാമെന്ന് മജീദ്‌ പറഞ്ഞു. സൈനികപ്രശ്നം വരും പോലെ പരിഹരിക്കാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ യാത്ര തുടർന്നു. പുൽമേടുകളിൽ ആടുകളെ മേയ്ച്ചുകൊണ്ട്‌ ബെക്കർവ്വാളുകളെ കണ്ടു. മലമുകളിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്. നല്ല ക്ഷീണമുണ്ട്‌. ദൂരെ നിന്നും ഞങ്ങളുടെ നേരെ നാല് പട്ടാളക്കാർ നടന്നുവരുന്നതായിക്കണ്ടു. എന്റെയുള്ളിൽ  ചെറിയൊരു ഭയമുണ്ട്‌. എന്തും നേരിടാൻ തയ്യാറായി നിന്നു. അവർ അടുത്തേക്കെത്തി. മജീദിനോട്‌ എന്തൊക്കെയോ ചോദിച്ചു. ഞങ്ങൾക്കിനി മുകളിലേക്ക്‌ യാത്ര തുടരാനനുവാദമില്ലെന്നും പറഞ്ഞ്‌ മജീദ്‌ അവരുടെ കൂടെ മലകയറിപ്പോയി. 

ഇതുവരെ മലമുകൾ ലക്ഷ്യം വെച്ചായിരുന്നു നടത്തം. വന്ന വഴിയിലേക്കൊന്ന് നോക്കി. കയറിവരുമ്പോൾ ദുർഘടം പിടിച്ചിരുന്ന പാതകൾ കാണാൻ ഇപ്പോഴെന്ത് ഭംഗി!  കഴിഞ്ഞുപോയ പ്രയാസങ്ങളൊക്കെ ഇപ്പോഴോർക്കുമ്പോൾ ഒരു സുഖം തോന്നാറുള്ളപോലെ... എല്ലാം നല്ലതിനായിരുന്നെന്ന് അറിയുമ്പോഴുള്ള സുഖം ! ദൂരെ ആകാശനീലിമയിലേക്ക്‌ നോക്കിയങ്ങനെ കുറേനേരമിരുന്നു... മേഘക്കീറുകൾക്കിടയിലൂടെ അങ്ങ്‌ ദൂരെ ഒരു മഞ്ഞു മല..! നംഗപർവതം..!
 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നംഗപർവ്വതം. പടിഞ്ഞാറൻ ഹിമാലയ നിരകളിൽ സമുദ്രനിരപ്പിൽനിന്ന് 8,114 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന നംഗപർവതം ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. പർവതാരോഹകർക്ക് ഏറെ ദുർഘടം നിറഞ്ഞ ഈ ഹിമാലയ ശൃംഗത്തെ 'കൊലയാളി പർവതം' (കില്ലർ മൗണ്ടെയിൻ) എന്ന് വിളിക്കാറുണ്ട്.
 മഞ്ഞുമലകളെക്കുറിച്ച്‌ ആദ്യമായി കേൾക്കാൻ തുടങ്ങിയ കാലം... പ്രൈമറിക്ലാസിൽ നിന്നും തുടങ്ങിയ അനുരാഗമാണ് എവറസ്റ്റിനോടും നംഗപർ വതത്തോടും... നംഗപർവതമിതാ കൺമുമ്പിൽ...ഇങ്ങനെയൊരു യാത്രചെയ്ത്‌ ഈ മലമുകളിലെത്താൻ ഇനി സാധ്യതയില്ല.. തിരിച്ചിറങ്ങുമ്പോൾ ഞാൻ ഒരിക്കൽ കൂടി കൺനിറയെ കണ്ടു..  വിജയിക്ക്‌ കിട്ടിയ വെള്ളിക്കിരീടം പോലെ അതങ്ങനെ നീലാകാശത്ത്‌ വെട്ടിത്തിളങ്ങുകയാണ്... എന്റെ ഹൃദയത്തിലും.... കൊലയാളി പർവതമെന്നൊക്കെ വിളിപ്പേരുണ്ടെങ്കിലും ഹിമഗിരിനിരകളോട് അനുരാഗമാണെന്നും... തീർത്താൽ തീരാത്ത അനുരാഗം...No comments:

Post a Comment

Related Posts Plugin for WordPress, Blogger...