Friday, August 14, 2015

ഗിരിശൃംഗങ്ങളിലെ ത്രിവർണങ്ങൾ


''നാട്‌ പിടിച്ചടക്കിയവരെ നമ്മൾ ഒരുമിച്ചോടിച്ചു... സ്വാതന്ത്ര്യവും കിട്ടി.. പക്ഷെ, പോകുന്നതിനു മുമ്പേ അവർ നമ്മെ ഭിന്നിപ്പിച്ചു തന്നു... രാജ്യം മാത്രമല്ല, നമ്മുടെ ഹൃദയങ്ങളും... ഒരേ കുടുംബത്തിലെ അംഗങ്ങൾ രണ്ട്‌ രാജ്യങ്ങളിലായി... ഒരിക്കലും ഒരുമിക്കാൻ കഴിയാത്തവിധം... ഒരേ രാജ്യത്തുള്ളവർ പരസ്പരം ശത്രുക്കളായി...

ഞങ്ങൾ കശ്മീരികളുടെ കാര്യമാണ്... സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാൻ ഇനിയും ഏറെ സഞ്ചരിക്കേണ്ടി വരും... വിദ്യാഭ്യാസ- തൊഴിൽ രംഗങ്ങളിൽ കശ്മീരികളെ പിടിച്ചുയർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കഠിനമായി പരിശ്രമിക്കുമ്പോഴും സൈനികരും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടൽ എന്നെ തളർത്തുന്നു... ചൈനയുടേയും പാക്കിസ്ഥാന്റേയും നീക്കങ്ങളും എനിക്ക്‌ ശുഭസൂചനയല്ല നൽകുന്നത്‌... സ്വാതന്ത്ര്യം ഞങ്ങൾക്ക്‌ വിദൂരമായ സ്വപ്നമാണെന്ന് തോന്നുന്നു...''.

ശ്രീനഗറിൽ വെച്ച്‌ പരിചയപ്പെട്ട കശ്മീരി പ്രൊഫസറുടെ ഈ വാക്കുകളാണ് ഓർമയിൽ... 



കശ്മീരിലെ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള യാത്രയിൽ ശ്രദ്ധിച്ചൊരു കാര്യം എവിടെയുമുള്ള പട്ടാളസാന്നിധ്യമാണ്. പട്ടണത്തിലെ ഉയരംകൂടിയ കെട്ടിടങ്ങൾക്ക്‌ മുകളിലും ഗ്രാമങ്ങളിലെ കുടിലുകൾക്ക്‌ മുമ്പിലും റോഡരികിലെ കുറ്റിക്കാടുകൾക്കിടയിലും നദീതീരങ്ങളിലും ഗുൽമാർഗിലേയും പഹൽഗാമിലേയും മഞ്ഞുമലകൾക്ക്‌ മുകളിലും ദേവതാരു പൈൻമരക്കാടുകൾക്കിടയിലും ഒറ്റക്കും കൂട്ടമായും നിൽക്കുന്ന സൈനികരെ കണ്ടപ്പോഴാണ് നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന സൈനികരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ചിന്തിച്ചത്‌... നമ്മൾ ആസ്വദിക്കുന്ന ഓരോ നിമിഷങ്ങളിലും എത്ര പ്രയാസപ്പെട്ടാണവർ രാജ്യത്തെ സംരക്ഷിക്കുന്നത്‌..


ദൂരെ, മലമുകളിൽ പാറിക്കളിക്കുന്ന ത്രിവർണ പതാകയെ ക്യാമറക്കണ്ണിലൂടെ നോക്കി ഞാൻ നിന്നു.. 

ജാതി-മത ഭേദമന്യേ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളെ ഓർത്തുകൊണ്ട്‌.. 

സല്യൂട്ട്‌... രാജ്യത്തിനും സൈനികർക്കും ...

'സൈന്യം'എന്ന മമ്മുട്ടി ചിത്രത്തിൽ ഷിബു ചക്രവർത്തി രചിച്ച് എസ്.പി.വെങ്കിടേഷ് ഈണം നൽകിയ മനോഹര ഗാനം മനസ്സിൽ  മൂളിക്കൊണ്ടാണ് മലയിറങ്ങിയത്... 

''നെഞ്ചില്‍ ഇടനെഞ്ചില്‍ തുടി കൊള്ളുന്നൊരു ശബ്ദം...  ജയ് ഹിന്ദുസ്ഥാന്‍..
 കാശ്മീരും പഞ്ചാബും ആസ്സാമും ഒന്നല്ലോ.. 
 ഒന്നല്ലോ നാം ഇന്ത്യാക്കാര്‍...''  


No comments:

Post a Comment

Related Posts Plugin for WordPress, Blogger...