Sunday, August 2, 2015

ഝലം നദിയും മരപ്പാലങ്ങളും


ശ്രീനഗറിലെത്തുമ്പോൾ വൈകുന്നേരമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. തെരുവുകളിൽ ആൾതിരക്കില്ല. എവിടെ നോക്കിയാലും പട്ടാള സാന്നിധ്യം. ഡ്രൈവറോട്‌ കാര്യം അന്വേഷിച്ചു.  ശ്രീനഗറിൽ 2 യുവാക്കൾ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതിൽ പ്രതിഷേധിച്ച്‌ ഹൂറിയത്ത്‌ കോൺഫ്രൻസ്‌ ആഹ്വാനം ചെയ്ത ബന്ദിനിടയിലാണ് ഞങ്ങൾ അവിടെ എത്തിപ്പെട്ടതെന്ന് അപ്പോഴാണ് അറിഞ്ഞത്‌. ഞങ്ങളുടെ യാത്രാ പരിപാടികളൊക്കെ മാറ്റി വെക്കേണ്ടി വരുമോ എന്ന് അന്വേഷിച്ചപ്പോഴാണ് ടൂറിസ്റ്റുകൾക്ക്‌ ബന്ദ്‌ ബാധകമല്ലെന്നും ടൂറിസ്റ്റുവാഹനങ്ങൾ ഓടുന്നതിന് പ്രശ്നങ്ങളൊന്നും ഇല്ലെന്ന്  മനസ്സിലായത്‌. ഇപ്പോൾ കശ്മീരിന്റെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ് ടൂറിസം. കടകളൊന്നും തുറക്കാത്തതുകൊണ്ട്‌ ചെറിയ പ്രയാസമായെങ്കിലും താമസവും ഭക്ഷണവും മുൻകൂട്ടി ഏർപ്പാടാക്കിയതിനാൽ വലിയ ബുദ്ധിമുട്ടായില്ല.

കൂടെയുള്ള ലെഗേജുകളെല്ലാം റൂമിൽ വെച്ച ശേഷം ശ്രീനഗറിന്റെ തെരുവുകളിലൂടെ നടന്നു. എവിടെ നോക്കിയാലും പട്ടാള സാന്നിധ്യം. കെട്ടിടങ്ങളുടെ മുകളിലും റോഡരികിലെ ചെറിയ കുറ്റിക്കാട്ടിലും വരെ സൈനികരുണ്ട്‌. റോഡിൽ പട്ടാള- പോലീസ്‌ വാഹനങ്ങളുടെ തിരക്ക്‌. ഉള്ളിൽ ചെറിയ ഭയമുണ്ടെങ്കിലും തെരുവിലൂടെ നടത്തം തുടർന്നു. വലിയ കച്ചവട സ്ഥാപനങ്ങളൊക്കെ അടഞ്ഞു കിടക്കുകയാണ്. തെരുവ്‌ കച്ചവടക്കാരെ അങ്ങിങ്ങായി കാണാം. നടന്നുനടന്ന് ഒരു പഴയ തടിപ്പാലത്തിനടുത്തെത്തി. താഴെ ഝലം നദി.  നദിക്കരയിലെ ചെറിയ പുൽതകിടിയിലേക്ക്‌ ഇറങ്ങിച്ചെന്നു. നദിയിൽ അങ്ങിങ്ങായി ഹൗസ്‌ ബോട്ടുകൾ ഉണ്ട്‌.

ഝലം നദിക്കു കുറുകെ പൂർണമായും മരത്തടിയിൽ നിർമിച്ച പഴയ പാലങ്ങൾ കാണാം. അടുത്തുതന്നെ പുതിയ പാലം വന്നതുകൊണ്ട് പഴയത് ഉപയോഗശൂന്യമായി കിടക്കുന്നു. 'സീറോ ബ്രിഡ്ജ്' എന്നാണിവ അറിയപ്പെടുന്നത്. ബധിരനായിരുന്ന ഒരു കരാറുകാരനായിരുന്നു ഇത് നിർമിച്ചിരുന്നതെന്നും ബധിരൻ എന്നർഥം വരുന്ന 'സോർ' എന്ന കശ്മീരി ഭാഷയിൽ നിന്നാണ് പാലത്തിന് ഈ പേര് വന്നതെന്നും പറയപ്പെടുന്നു. 1950 കളിൽ ബക്ഷി ഗുലാം മുഹമ്മദിന്റെ ഭരണ കാലഘട്ടങ്ങളിൽ നിർമിച്ചതാണ് ഈ മരപ്പാലങ്ങൾ. മരത്തടികൾ ദ്രവിച്ചു തുടങ്ങിയതോടെ 1980 കളിൽ ഈ പാലങ്ങളിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവെച്ചു.
പാലങ്ങൾ ഒരുപാട് കഥപറയുന്ന പോലെ തോന്നി...


സിന്ധു നദിയുടെ പോഷകനദികളിൽ ഒന്നാണ് ഝലം. ഏകദേശം എഴുനൂറോളം കിലോമീറ്റർ ദൂരമുണ്ട്‌. ഇതിൽ 400 കിലോമീറ്ററോളം ഇന്ത്യയിലൂടേയും ബാക്കി പാക്കിസ്ഥാനിലൂടെയുമാണ് ഒഴുകുന്നത്‌. കശ്മീരിലെ വെരിനാഗാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം. കശ്മീരിലെ മുസാഫർബാദിനടുത്തുവെച്ച്‌ ഏറ്റവും വലിയ പോഷക നദിയായ കിഷൻ ഗംഗ നദിയും കുൻഹാർ നദിയും ഝലത്തോട്‌ ചേരുന്നു. ശ്രീനഗർ പട്ടണത്തിലൂടേയും വൂളാർ തടാകത്തിലൂടേയും ഒഴുകി പാക്കിസ്ഥാനിൽ പ്രവേശിച്ച്‌ അവിടെ വെച്ച്‌ ചെനാബ്‌ നദിയോടു ചേരുന്നു. ചെനാബ്‌ സത്‌ലജുമായി ചേർന്ന് പാഞ്ച്നാദ്‌ നദിയായി മീഥാൻകോട്ട്‌ വെച്ച്‌ സിന്ധുനദിയിൽ ലയിക്കുന്നു. പഞ്ചാബിന്റെ പേരിനുകാരണമായ അഞ്ചു നദികളിൽ ഏറ്റവും വലിയ നദിയാണ് ഝലം.

കശ്മീരിന്റെ രാഷ്ട്രീയമറിയാതെ നദീതീരത്ത് മേഞ്ഞു നടക്കുന്ന പശുക്കളേയും ഓടിക്കളിക്കുന്ന നായ്‌ കുഞ്ഞുങ്ങളേയും നോക്കി തിരക്കൊഴിഞ്ഞ പാർക്കിലെ ബെഞ്ചിൽ ഞാനങ്ങനെ ഇരുന്നു...

പതുക്കെ ഒഴുകുന്ന നദീജലത്തോടൊപ്പം എന്റെ മനസ്സും ഒഴുകി...


കൂടുതൽ ചിത്രങ്ങൾ 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...