Tuesday, July 28, 2015

ജമ്മു - ഉദ്ദംപൂർ റെയിൽപാതയിലൂടെ


രാത്രി ദില്ലി നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തി. കശ്മീരിലെ ഉദ്ദംപൂരിലേക്ക്‌ ദില്ലി സ്റ്റേഷനിൽ നിന്നുമാണ് ട്രെയിൻ എന്നാണ് അറിഞ്ഞത്‌. അന്വേഷിച്ചപ്പോൾ ഞങ്ങളുടെ വണ്ടി ഓൾഡ്‌ ഡൽഹിയിലെ സരൈരൊഹിള്ള സ്റ്റേഷനിൽ നിന്നാണെന്നറിഞ്ഞു. ടിക്കറ്റ്‌ ശ്രദ്ധിച്ചിരുന്നില്ല. വണ്ടി പുറപ്പെടാൻ ഇനി അധികം സമയമില്ല. ടാക്സി പിടിച്ചു. ദില്ലിയിലെ നിരത്തിലൂടെ രാത്രി തിരക്കുള്ള സമയമായിട്ടും ഡ്രൈവർ അതിവിദഗ്ദമായി സമയത്തിന് സ്റ്റേഷനിൽ എത്തിച്ചു. വണ്ടിയിൽ നല്ല തിരക്കാണ്. വിനോദ-തീർത്ഥയാത്രക്കാരാണ് അധികവും.
ദില്ലി-ഉദ്ദംപൂർ എ.സി. എക്സ്‌പ്രസ്സിലാണ് യാത്ര. 

അതുവരെ 'മംഗള'യിലെ പുറംലോകം കാണാത്ത എ.സി. കമ്പാർട്ടുമെന്റിനെ അപേക്ഷിച്ച്‌ ഈ വണ്ടിയിലെ കമ്പാർട്ടുമെന്റുകൾ വൃത്തിയുള്ളതും ചില്ലുകൾ വ്യക്തത ഉള്ളതുമാണ്. 
ട്രെയിൻ യാത്ര തുടങ്ങി.

ചില്ലുജാലകത്തിനരികിൽ ഇരുപ്പുറപ്പിച്ചു. പുറത്തേക്ക്‌ നോക്കിയങ്ങനെ ഇരുന്നു. ഇന്ത്യൻ ചരിത്രത്തിലെ പ്രധാന 'അധ്യായങ്ങളിൽ' ഒന്നായ ഹരിയാനയിലെ പാനിപറ്റിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. സ്കൂൾ പഠനകാലങ്ങളിലേ കേട്ടുപരിചയിച്ച പേരാണ് പാനിപറ്റ്‌.വണ്ടിയിൽ എല്ലാവരും ഉറക്കിലാണ്. ഞാൻ പുറത്തേക്കങ്ങനെ നോക്കിയിരുന്നു. ഹരിയാന സംസ്ഥാനം കഴിഞ്ഞു. വണ്ടി പഞ്ചാബിലെ ലുധിയാനയിൽ എത്തി. പുറത്ത്‌ രാത്രിയുടെ മങ്ങിയവെളിച്ചത്തിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ. വണ്ടി കുതിച്ചുപാഞ്ഞു. രാവിലെ ഏഴരയോടെ ജമ്മുകശ്മീർ സംസ്ഥാനത്തിലെ ജമ്മുവിൽ എത്തി. യാത്രക്കാരെല്ലാം ഇറങ്ങി. ഇനി ഉദ്ദംപൂരിലേക്കുള്ള യാത്രയിൽ കമ്പാർട്ടുമെന്റിൽ ഞാനും എന്റെ കുടുംബവും മാത്രം.

ഈ അടുത്താണ് ജമ്മുവിൽ നിന്നും ഉദ്ദംപൂരിലേക്കുള്ള പാത തുറന്നത്‌. ഉദ്ദംപൂരിൽ നിന്നും ശ്രീനഗറിലേക്കുള്ള ടാക്സി പ്രശ്നം കൊണ്ടായിരിക്കാം ടൂറിസ്റ്റുകൾ വരെ ജമ്മുവിൽ ഇറങ്ങിയത്‌. ട്രെയിനിൽ ഇപ്പോൾ ഞങ്ങൾ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. ആളനക്കമൊന്നും കേൾക്കാനില്ല. 
ജമ്മുവിനെ കശ്മീർ താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേയുടെ ഭാഗമായി നിർമിച്ചതാണ് കട്ര വരെയുള്ള ട്രാക്ക്‌. കശ്മീർ താഴ്‌വരയിൽ ബാനിഹാൾ മുതൽ ശ്രീനഗർ- ബാരാമുള്ള വരേയുള്ള ട്രാക്കും പൂർത്തിയായിട്ടുണ്ട്‌. ഈ പാതയുടെ ഉദ്ഘാടനം അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മന്മോഹൻ സിംഗ്‌ ആണ് നിർവഹിച്ചത്‌.


ഞങ്ങളുടെ യാത്രാസമയത്ത്‌ ഉദ്ദംപൂർ വരേയുള്ള ട്രാക്കും ബാനിഹാൾ മുതൽ ബാരാമുള്ള വരേയുള്ള ട്രാക്കും മാത്രമേ പൂർത്തിയായിട്ടുള്ളൂ. അതിനിടക്കുള്ള പീർ പാഞ്ചാൽ മലനിരകളെ തുളച്ചുകൊണ്ടാണ് ഇന്ത്യൻ റെയിൽ എഞ്ചിനീയറിംഗ്‌ ചരിത്രത്തിലെ അത്ഭുതമായേക്കാവുന്ന ബാനിഹാൾ തുരങ്കം പണിയുന്നത്‌.11കി.മി. നീളം വരുന്ന ഈ തുരങ്കം ലോകത്തിലെ ഏറ്റവും വലിയ റെയിൽ തുരങ്കങ്ങളിൽ ഒന്നായിരിക്കും. ചെനാബ് നദിക്കു കുറുകെ റയിൽവേ നിർമിക്കുന്ന ഒരു കിലോമീറ്ററിലധികം നീളവും 359 മീറ്റർ ഉയരവുമുള്ള പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലവുമായിരിക്കും. ഇതു പൂർത്തിയായാൽ ഇന്ത്യയുടെ ഏതുഭാഗത്തുനിന്നും തീവണ്ടിയിൽ കാശ്‌മീരിലേക്കുവരാം.

ജമ്മുവിൽ നിന്നും ഉദ്ദംപൂരിലേക്കുള്ള 53 കി.മി പാത മനോഹരമാണ്. കൊങ്കൺ റെയിൽവേയെ പോലെ നിരവധി തുരങ്കങ്ങളും പാലങ്ങളും നിറഞ്ഞതാണ് ഈ പാതയും. ചെറിയ അരുവികൾ, വെള്ളച്ചാട്ടങ്ങൾ, പുഴകൾ... പ്രകൃതിരമണീയമായ ദൃശ്യങ്ങളാണ് ഇരുവശത്തും. ഉദ്ദംപൂർ എത്താറായപ്പോഴേക്കും കാലാവസ്ഥക്കും പ്രകൃതിക്കും മാറ്റം വന്നപോലെ. പൈൻ മരക്കാടുകൾ കാണാൻ തുടങ്ങി. രാവിലെ ഒമ്പത് മണിയോടെ വണ്ടി ഉദ്ദംപൂർ സ്റ്റേഷനിൽ എത്തി.
വണ്ടിയിൽ അധികം യാത്രക്കാരില്ല. കുറച്ചുപട്ടാളക്കാരും ഞങ്ങളും മാത്രം. നല്ല വിശപ്പുണ്ട്‌. പ്ലാറ്റ്‌ഫോമിലൂടെ ഭക്ഷണം തേടിയലഞ്ഞു. ഒന്നും കിട്ടാനില്ല. സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി. ചുറ്റുവട്ട കാഴ്ചകൾ ആകെ മാറാൻ തുടങ്ങിയിട്ടുണ്ട്‌. എവിടേയും പട്ടാള സാന്നിധ്യം. ഇന്ത്യൻ സേനയുടെ നോർത്തേണ്‍ കമാന്റ് ഹെഡ് ക്വാട്ടേഴ്സ് ഇവിടെയാണ്. 

വഴിയിൽ എവിടെനിന്നെങ്കിലും ഭക്ഷണം കഴിക്കാം എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഒരു ടാക്സി പിടിച്ചു ജമ്മു- ശ്രീനഗർ NH1A ഹൈവേയിലൂടെ ശ്രീനഗറിലേക്ക്‌ തിരിച്ചു....

യാത്ര തുടർന്നു..

കൂടുതൽ ചിത്രങ്ങൾ 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...