Monday, March 23, 2015

മയിലുകളാടുന്ന തെങ്ങിൻതോപ്പിൽ



22/03/2015- രാവിലെ 6 മണിക്കു തന്നെ 'വാഗണ്‍ ആർ' കാറിൽ  യാത്ര തുടങ്ങി. പുലർകാല മഞ്ഞു പുതച്ച വഴികൾ... മലയാറ്റൂർ തീർഥാടകരും മദ്രസ്സ വിദ്യാർഥികളും റോഡരികിലൂടെ നടന്നുപോകുന്നത് കണ്ടു. വാലില്ലാപുഴ- മുക്കം റോഡിൽ കറുത്തപറമ്പിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞു.  തകർന്നു കിടക്കുന്ന  ചെറിയ റോഡിലൂടെ... മൂലിക്കാവ് , കരിങ്കുറ്റി വഴി. 
ഈ വഴിയിൽ ഉള്ള കരിങ്കൽ ക്വാറികളിലേക്കുള്ള വലിയ ലോറികളുടെ ഗതാഗതം കാരണം റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.


ഒറ്റപ്പെട്ട വീടുകൾ .. ഇരുവശവും റബ്ബർ തോട്ടങ്ങൾ ... മൈസൂർ പെറ്റ മലയുടെ ഒരു വശത്തിലൂടെയാണ് യാത്ര ...
ദൂരെ  ഗ്രാമങ്ങളും വലുതും ചെറുതുമായ കെട്ടിടങ്ങളും ... അകലെ കാണുന്ന ജലാശയം ചാലിയാറാണെന്ന് തോന്നുന്നു...
യാത്ര തുടർന്നു .. പൊട്ടിപ്പൊളിഞ്ഞ വഴികൾ ... ജീപ്പുകൾക്കു മാത്രം സഞ്ചാരയോഗ്യമായ വഴികളിലൂടെയാണു കാർ തട്ടിയും മുട്ടിയും പോകുന്നത്.


അവസാനം ലക്ഷ്യസ്ഥാനത്തെത്തി. ഇടതുവശം മനോഹരമായ തെങ്ങിൻ തോപ്പ്..  ഞങ്ങൾ എത്തിയതു കണ്ട് അയൽവാസി രവിയേട്ടൻ വന്നു..
തെങ്ങിൽ നിന്നും ഇളനീർ പറിച്ചു കുടിച്ചു.. പെട്ടെന്ന് പരിചിതമാല്ലാത്ത ഒരു ശബ്ദം.. അത് മയിലിന്റെ ശബ്ദമാണെന്നു രവിയേട്ടൻ പറഞ്ഞപ്പോഴാണ് അറിഞ്ഞത് . ശബ്ദം കേട്ട ദിക്കിലേക്ക് നടന്നപ്പോൾ അതാ  ഒരാണ്‍മയിൽ! പറമ്പിൽ പലയിടങ്ങളിലും ചെറിയ കുഴികൾ .. ആദിവാസികൾ ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ വേണ്ടി കുഴിയെടുത്തതാണ് . ഇങ്ങനെയെടുത്ത ഒരു കുഴിയിൽ തേനീച്ചകൾ കൂടു കൂട്ടിയതും കണ്ടു.







പലയിടത്തും വലിയ വീടുകൾ ആളൊഴിഞ്ഞ നിലയിൽ. മുമ്പിൽ ഒരു കാലത്ത് നാട്ടുകാർക്ക് എല്ലാമെല്ലാം ആയിരുന്ന മാമച്ചന്റെ വീട്. ( കോട്ടയം സ്വദേശിയായിരുന്നു. ഈയടുത്ത് അന്തരിച്ചു.)   പഴയ കാലത്ത് തെക്കൻ ജില്ലകളിൽ നിന്നും മലബാറിലേക്ക് കുടിയേറിയവർ വീടും പറമ്പുമൊക്കെ വിറ്റൊഴിവാക്കി നാട്ടിലേക്കു തന്നെ മടങ്ങിയതാണ്.  എന്തെല്ലാം കഥകൾ പറയാനുണ്ടാകും ഈ വീടുകൾക്കും പറമ്പുകൾക്കും....

മൂന്നു മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ വീട്ടിലേക്കു മടങ്ങി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...