Wednesday, August 23, 2017

മലപ്പുറത്തെ ചരിത്രമുറങ്ങുന്ന കല്ലറകൾ

മലപ്പുറം കുന്നുമ്മലിൽ സി.എസ്‌.ഐ പള്ളിക്കു പിന്നിൽ കാടുമൂടിക്കിടക്കുന്ന ഒരു പഴയ സെമിത്തേരിയുണ്ട്‌. കാട്ടുവള്ളികൾ ഉയർന്നുനിൽക്കുന്ന കുരിശുകളെ മറച്ചുതുടങ്ങിയിരിക്കുന്നു. വൻമരങ്ങൾ ശവക്കല്ലറകളെ തകർത്തുതുടങ്ങിയിരിക്കുന്നു.

അത്ര പെട്ടെന്ന് മറവിയിലേക്ക്‌ മറിച്ചിടേണ്ടവയല്ല ഈ കല്ലറകൾ. മലബാർ സമരത്തിനിടയിൽ 1921 ഓഗസ്റ്റ്‌ 26 ന് പൂക്കോട്ടൂരിൽ വെച്ച്‌ മാപ്പിളപോരാളികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലപ്പുറം അസിസ്റ്റന്റ്‌ പോലീസ്‌ സൂപ്രണ്ടായിരുന്ന Cuthbert Buxton സായിപ്പിന്റേയും 1921 സെപ്തംബർ 23ന് പാണ്ടിക്കാട്‌ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ്‌ പട്ടാളക്കാരുടേയും ഉൾപ്പെടെ നിരവധി കല്ലറകൾ ഉണ്ടിവിടെ. പലതും നശിച്ചുപോയി. പേരും തിയ്യതിയും സംഭവങ്ങളും കൊത്തിവെച്ച മാർബിൾ കല്ലുകൾ മറിഞ്ഞുപോയി.


ബ്രിട്ടീഷുകാർക്കെതിരെ മാത്രമല്ല, നാട്ടുകാരെ ചതിച്ച്‌ ബ്രിട്ടീഷ്‌ ഭരണകൂടത്തെ പിന്തുണച്ചിരുന്ന തങ്ങൾമാരുൾപ്പെടെയുള്ള ജന്മിമാർക്കെതിരിലും ഒരു ജനത നടത്തിയ പോരാട്ടങ്ങളുടെ ചരിത്ര സ്മരണകൾ ഇവിടെ നശിക്കാതെ നിൽക്കേണ്ടതുണ്ട്‌.

സ്വാതന്ത്ര്യ സമരം എന്തിനായിരുന്നൂവെന്ന വരും തലമുറയുടെ ചോദ്യങ്ങൾക്ക്‌ ഉത്തരമായിട്ടെങ്കിലും... 

Saturday, February 11, 2017

ഉമ്മയും ഞാനും മാവും


അൽപം മണ്ണ് സ്വന്തമായുണ്ടെന്നുപറയാൻ തുടങ്ങിയകാലം... 10 സെന്റു പറമ്പിലേക്കുള്ള ആദ്യ യാത്ര... തറവാട്ടുമുറ്റത്തെ കോമാവിന്റെ ചുവട്ടിൽ കിളികൾ തിന്നു ബാക്കിയാക്കി വീണുമുളച്ചു തുടങ്ങിയ ഏതാനും മാങ്ങയണ്ടികൾ പെറുക്കി ഒരു തേക്കിലയിൽ പൊതിഞ്ഞ്‌ വല്ല്യുമ്മ (ഉമ്മയുടെ ഉമ്മ) എന്നോടും ഉമ്മയോടും പറഞ്ഞു; "പറമ്പ്‌ കാലിയാണിപ്പോൾ, ഉണങ്ങിക്കിടക്കുന്നു, ഓരോ തവണ പോകുമ്പോഴും ഓരോ മരത്തൈ നടണം, പ്ലാവും മാവും പുളിയും വളർത്തണം, പറമ്പിനെ കുളിരാക്കണം..."

അന്ന് ഉമ്മയുടെ കൈപ്പിടിച്ചു ഞാൻ നടന്നു. ഒരു കയ്യിൽ ഒരു മാങ്ങയണ്ടിയും പിടിച്ചു. എനിക്കു നടാൻ..! മരം നട്ടാൽ ദൈവം നമുക്ക്‌ നൽകുന്ന പ്രതിഫലത്തെക്കുറിച്ച്‌ ഉമ്മ പറഞ്ഞുതന്നു... മരത്തിൽ കിളികളിരുന്നാൽ, കൂടൊരുക്കിയാൽ, കായ്‌കളുണ്ടായി പക്ഷികളും പുഴുക്കളും മൃഗങ്ങളും മനുഷ്യരും തിന്നാലും മോഷ്ടിച്ചാലും ഇലകൾ തണലായി മണ്ണായി വളമായാലും എല്ലാം നമുക്ക്‌ ആനന്ദം ലഭിക്കുമെന്ന് ഉമ്മ ഓർമിപ്പിച്ചു... മരങ്ങൾക്കും ജീവനുണ്ടെന്ന് ആദ്യമായി പറഞ്ഞുതന്നത്‌ ഉമ്മയാണ്...
പറമ്പിന്റെ ഒരു മൂലയിൽ ഉമ്മ അരിവാൾ കത്തികൊണ്ട്‌ ചെറിയൊരു കുഴിയുണ്ടാക്കിതന്നു. 'ദൈവ നാമത്തിൽ'തന്നെ ഞാൻ കുഴിയിലേക്ക്‌ മാങ്ങയണ്ടി വെച്ചു... മണ്ണിട്ടു മൂടി... തടമുണ്ടാക്കി... നനച്ചു...

ആ രാത്രി സ്വപ്നങ്ങളുടേതായിരുന്നു... മാവ്‌ വളരുന്നതും പടർന്നു പന്തലിക്കുന്നതും ഒരു രാത്രികൊണ്ട് കണ്ടു... ഞാൻ ആദ്യമായി നട്ടമരം..! കാലങ്ങൾ കഴിഞ്ഞു... അപ്പുറത്തെ പറമ്പിലെ റബ്ബർ മരങ്ങളുടെ തണലിൽ കുരുങ്ങി മാവിന്റെ വളർച്ച കുറഞ്ഞു... ബോൺസായ്‌ പോലെയായി... എന്നാലും ഞാൻ കൈവിട്ടില്ല... ഇടയ്ക്കിടെ തലോടിയും കിന്നരിച്ചും അങ്ങനെ വളർത്തിക്കൊണ്ടുവന്നു... പിന്നീട്‌, മറയൊരുക്കിയ റബ്ബർ മരങ്ങൾ നീങ്ങി... മാവിന്റെ മുഖത്തേക്ക്‌ വെയിലുതട്ടിത്തുടങ്ങി...
നീണ്ട 25 വർഷങ്ങൾ...!

കഴിഞ്ഞദിവസം ഉമ്മ വിളിച്ചുപറഞ്ഞു... "മോനേ... നമ്മുടെ മാവും പൂത്തിരിക്കുന്നു..." ഇത്‌ കണ്ടപ്പോൾ അന്ന് മാങ്ങയണ്ടി നടുന്ന സമയത്ത്‌ ഉമ്മ പറഞ്ഞത്‌ ഞാനോർക്കുന്നു... "ഈ നടുന്ന മാവ്‌ പൂക്കുന്നത്‌ ഒരുപക്ഷെ നമ്മൾ കാണില്ല, ഇതിൽ നിന്നുള്ള മാങ്ങകൾ നമ്മൾ രുചിക്കില്ല, തറവാട്ടു മുറ്റത്തെ വലിയ മാവിൽ മാങ്ങകളും പക്ഷികളും നിറഞ്ഞിരിക്കുന്നത്‌ കാണാൻ അതു നട്ട വല്ല്യുപ്പ ഇന്നില്ലാത്തതുപോലെ നമ്മളും ഇല്ലാതാകാം... ഇനി ഉണ്ടെങ്കിൽ തന്നെ ഈ മാവും പറമ്പും നമുക്ക്‌ നഷ്ടമാകാം... എന്നുകരുതി സൽപഥത്തിൽ നിന്നും ഒരിക്കലും മാറി സഞ്ചരിക്കരുത്‌‌... പ്രതിഫലങ്ങൾ മറ്റേതെങ്കിലും വഴിയിലൂടെ നമുക്ക്‌ ലഭിക്കും..."

കാലചക്രത്തിന്റെ കറക്കത്തിനിടയിൽ ഈ പറമ്പും മാവും ഇടയ്ക്കൊരിക്കൽ ഞങ്ങൾക്കു നഷ്ടമായി... പിന്നീട്‌, വിധി തിരിച്ചുകൊണ്ടുവന്നു... ഇനിയും മാവ്‌ പൂക്കാം... പൂക്കാതിരിക്കാം... പൂക്കാൻ മാവും കാണാൻ ഞാനും ഇനി ഉണ്ടായില്ലെന്നുംവരാം...
ഉമ്മ ഇടയ്ക്കിടെ പറയാറുള്ളപോലെ നല്ലതെന്നു തോന്നുന്നത്‌ ചെയ്തുകൊണ്ടിരിക്കാം... അതേ പറ്റൂ... 

Thursday, October 27, 2016

നീരൂറ്റുന്ന യൂക്കാലികൾ


'കോടപ്പുക'യിൽ മുങ്ങിയിരിക്കുന്ന വഴികളും യൂക്കാലിമരങ്ങളും... മനോഹരം... എന്നാൽ, മൂന്നാറിനേയും വട്ടവടയേയും കാന്തല്ലൂരിനേയും 'കട്ടപ്പൊകയിൽ' ആക്കിക്കൊണ്ടിരിക്കുകയാണ് ഈ യൂക്കാലിപ്റ്റസ് ഗ്രാന്റിസ്‌ മരങ്ങൾ. മുമ്പ്‌ വനവല്‍ക്കരണത്തിന്റെ ഭാഗമായാണ് കാന്തല്ലൂര്‍-വട്ടവട മേഖലകളിലെ‍ റവന്യൂ ഭൂമിയില്‍ വനംവകുപ്പ് യൂക്കാലിപ്റ്റസ്, ഗ്രാന്റിസ്, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിച്ചു തുടങ്ങിയത്‌. തുടർന്ന് ഈ മേഖലകളിൽ കുറഞ്ഞവിലക്ക്‌ ഭൂമി വാങ്ങിക്കൂട്ടിയ സ്വകാര്യ വ്യക്തികളും ഈ ആസ്ത്രേലിയൻ സസ്യത്തെ കൃഷിചെയ്തുതുടങ്ങി. ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറികൾക്കും മറ്റും ധാരാളം യൂക്കാലി മരങ്ങൾ ആവശ്യമായി വന്നതോടെ വനങ്ങൾ വെട്ടിതെളിയിച്ചും യൂക്കാലി മരങ്ങൾ വളർത്തി. 

വൻതോതിൽ ഭൂഗർഭജലം വരെ ഊറ്റിയെടുത്തു വളരുന്ന സസ്യമായതിനാൽ യൂക്കാലി തോട്ടങ്ങൾക്കടുത്തുള്ള പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണിന്ന്. വട്ടവടയിലേയും കാന്തല്ലൂരിലേയും തട്ടുകൃഷിയിടങ്ങളും പഴത്തോട്ടങ്ങളും ഈ മരങ്ങൾ കാരണം ഇല്ലാതായി വരുന്നു. നമ്മുടെ നാട്ടിലെ കാലാവസ്ഥക്കും പ്രകൃതിക്കും കോട്ടം തട്ടുന്ന രൂപത്തിലാണ് ഈ ചെടിയുടെ വളർച്ച. ജീവജാലങ്ങളൊന്നും ഈ മരത്തെ ഇഷ്ടപ്പെടുന്നില്ല. യൂക്കാലിയുടെ ഇലകൾ വീണയിടങ്ങളിൽ മറ്റൊരു സസ്യവും വളർന്നുവരുകയുമില്ല. അങ്ങനെ ചോലക്കാടുകളും കുറിഞ്ഞിക്കാടുകളും നശിച്ചു... ജീവജാലങ്ങൾ ഒഴിഞ്ഞുപോയി... ഗ്രാമവയലുകൾ വറ്റിവരണ്ടു... ചൂടുകൂടി.. കോടമാഞ്ഞു... 

ഇനിയെങ്കിലും, യൂക്കാലിയുടെ കാലം വരുംമുമ്പുള്ള കോലത്തിലേക്ക്‌ നീലഗിരിയെ മാറ്റണം... യൂക്കാലിയുടെ കാലൻ വന്നെങ്കിലും.... 
Related Posts Plugin for WordPress, Blogger...